കുറെ ശുചീകരണ ചിന്തകൾ
By എഡിറ്റർ
മാലിന്യ കൂമ്പാരങ്ങൾ കുമിഞ്ഞു കൂടുന്നു.മലിനീകരണ പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്നു. ഇൗ മാലിന്യ വസ്തുക്കൾക്ക് ശരിയായ സംസ്കരണ മാർഗ്ഗങ്ങൾ ഇല്ലെങ്കിൽ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉറപ്പാണ്. ദൈനം ദിനം ഏതെല്ലാം രീതിയിലാണ് മാലിന്യങ്ങൾ നമ്മുടെ ചുറ്റുപാടുകളിൽ പ്രത്യക്ഷപ്പെടുന്നത്.അവയെ ക്രുത്യമായും ചിട്ടയായും സംസ്കരിക്കുവാനുള്ള മാർഗ്ഗങ്ങൾ ഇല്ലെങ്കിൽ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ബോധം ഉൾക്കൊണ്ടു അതിനനുസരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. പൊതു സ്ഥലത്തെ ചപ്പുചവറുകളും മല മൂത്ര വിസർജ്ജനങ്ങളും ഭക്ഷണ അവശിഷ്ടങ്ങളൂം ഒക്കെ ഇന്നു മനുഷ്യൻ മനപ്പൂർവം സൃഷ്ടിക്കുന്ന പരിസര മലിനീകരണ പ്രശ്നങ്ങളാണ്.എന്നാൽ അവയെ ശരിയായ രീതിയിൽ നിക്ഷേപിക്കുവാനുള്ള ഉപാധികൾ ക്രമീകരിക്കേണ്ട ചുമതല ഭരണാധികാരികളിൽ നിക്ഷിപ്തമായിരിക്കുന്നു.സർക്കാർ ശുചിത്വ പദ്ധതികൾ നടപ്പിലാക്കുമ്പോൾ അവയെ അവഗണിക്കുന്ന പൊതുജനത്തിന്റെ മനോഭാവവും മലിനീകരണ പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തും. നാം നമ്മുടെ ജീവിത മോടി കൂട്ടുവാൻ എന്തെല്ലാം മാർഗ്ഗങ്ങൾ അവലംബിക്കുന്നു.എന്നാൽ നമ്മുടെ സമൂഹത്തിലെ ശുചീകരണത്തിനു വേണ്ടി നമ്മുടെ കടപ്പാട് എത്രമാത്രം എന്നു ചിന്തിക്കുക. നമ്മുടെ സഭാ ആലയത്തിലും കൂട്ടായ്മ കൂടുന്ന ഇടങ്ങളിലും മലിനീകരണം ഒഴിവാക്കുവാൻ നമുക്ക് ദൗത്യമുണ്ട്.ആരാധിച്ച്,വചനം കേട്ട് കടന്നു പോകുന്നതിനപ്പുറമായി നാം ഇരുന്ന സ്ഥലവും ചുറ്റുപാടും ക്രമീകൃതമാണോ എന്നു പരിശോധിക്കണം. പാട്ടു പുസ്തകങ്ങൾ ശരിയായ സ്ഥാനത്തു വച്ചിട്ടുണ്ടോ , മാലിന്യ കടലാസുകൾ അവിടെ കെട്ടിക്കിടപ്പുണ്ടോ, കുടി വെള്ളത്തിനായുള്ള കുപ്പി ഉപയോഗ ശേഷം തിരികെ തൽസ്ഥാനത്തു വച്ചിട്ടു ുണ്ടോ എന്നു എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ട്.? ചിലർ മാലിന്യം തൂക്കുവാനുള്ള കടലാസ് പായയുടെ അടിയിൽ തിരുകി വയ്ക്കാറുണ്ട്.എത്ര ആത്മാർത്ഥമായി ആരാധനയിൽ പങ്കെടുത്താലും ഇൗ കാര്യങ്ങളിൽ വീഴ്ച വരുത്തുന്നതു ശരിയായ പ്രവ്ണതയല്ല.ഇതൊക്കെ ചെയ്യേണ്ടതു സഭയിലെ,കൂട്ടായ്മയിലെ ഭാരവാഹികളുടെ ജോലി എന്നു ചിന്തിക്കുന്നവരുണ്ട്.പക്ഷേ, അതു അവരവരുടേ ഉത്തരവാദിത്തമാണെന്നു മനസ്സിലാക്കണം.നമ്മുടെ ഭവനത്തിൽ വരുത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ സഭയിലും സമൂഹത്തിലും ചുറ്റുപാടുകളിലും ചെയ്യുവാൻ നാം കടപ്പെട്ടവരാണ്. ഇതൊക്കെ ലോക പ്രകാരമുള്ള പരിസര ശുചീകരണ കടമകളാണ്.എന്നാൽ നിമിഷം തോറും ദൈവ വചനം എന്ന ശുചിത്വ യന്ത്രത്തിലൂടെ നാം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ അതു നമ്മിൽ എത്ര മലിനീകരണ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നു മനസ്സിലാക്കുക.ദൈവ വചനം എന്ന കണ്ണാടിയിലൂടെ നാം നമ്മെ തന്നെ കണ്ട് മാലിന്യങ്ങളെ അനു നിമിഷം നിർമ്മാർജ്ജനം ചെയ്യണം. നമ്മുടെ ആത്മിക വ്യക്തിയ്ക്ക്, സഭയ്ക്ക് ഒരു തരത്തിലും മാലിന്യ പ്രശ്നം വരാതെയിരിക്കുവാൻ നാം ജാഗ്രതയോടെ നമ്മുടെ ആത്മിക ജീവിതം നയിക്കണം. ഇല്ലെങ്കിൽ ഒട്ടേറേ ആത്മിക ആരോഗ്യ പ്രശ്നങ്ങ ളൂം,പകർച്ച വ്യാധികളും പിടിപെട്ട് നാം അത്യാസന്ന നിലയിലാകുകയൊ അതു ആത്മിക മരണത്തിലേക്ക് നയിക്കുകയോ ചെയ്യും. മണവാട്ടി സഭ കറയും വാട്ടവും മാലിന്യവും ഇല്ലാത്തതായി എന്നും ചരിക്കുവാൻ നാമാകുന്ന അവയവങ്ങൾ ജാഗരൂകരാകാം.