ഏകാന്തയിലെ ദൈവ സാന്നിദ്ധ്യം
By റോബിൻ മാത്യു
ഏകാന്തത ഒരു സാധാരണ മനുഷ്യനു ബുദ്ധിമുട്ടാണ്.. അത് എപ്പോഴും ജനങ്ങളുടെ ഇടയിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ഒരു ദിവസം ഒരാളെയെങ്കിലും സഹായിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ദിവസം കാണുന്ന എല്ലാവരോടും സംസാരിക്കണം എന്നാഗ്രഹിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ക്രൂരമാണ്.. മാനുഷികമായി തകരാൻ സാധ്യതയേറയുള്ള കുണ്ടറയാണ് ഏകാന്തത..ഭരണകൂടത്തിന്റെ ഉരുക്കു മുഷ്ടിയിൽ ജയിൽ അറയ്ക്കുള്ളിൽ ഏകാന്തത അനുഭവിച്ച ലോക നേതാക്കന്മാർ തങ്ങൾ പഠിച്ച ഇസങ്ങളും പ്രത്യയശാസ്ത്രങ്ങളും മുറുകെ പിടിച്ച് ഇരട്ടി ശക്തിയോടെ പുറത്ത് വന്നത് ചരിത്രത്തിൽ നാം കണ്ടിട്ടുണ്ട്... അനന്ത വിഹായസിൽ ഒരിക്കൽ പറന്ന് പൊങ്ങി അനേകം ഇരകളെ പിടിച്ച് നടന്ന കഴുകൻ പുതു ചിറകുകൾക്കും നഖങ്ങൾക്കും വേണ്ടി പാറയിടുക്കുകളിൽ താൽക്കാലികമായി ഏകാന്തവാസം അനുഭവിക്കുന്നത് നാം ജന്തുലോകത്തിൽ കണ്ടിട്ടുണ്ട്.
എന്നാൽ ദൈവപൈതൽ ഏകാന്തതയിൽ വ്യത്യസ്തനാണ്.. ലോകമനുഷ്യനു ഒരു പക്ഷെ ആത്മധൈര്യമല്ലാതെ ഒന്നുമില്ല ഏകാന്തതയിൽ, ചിലപ്പോൾ ഇസങ്ങളോ പ്രത്യയശാസ്ത്രങ്ങളോ കാണും.. കഴുകനു പാറകളല്ലാതെ ഒന്നുമില്ല.. എന്നാൽ ദൈവപൈതലിനു കൂട്ടായി സർവ്വവ്യാപിയായ സർവ്വശക്തനായ ദൈവം തന്നെയുണ്ട്.. നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
അതേ, സാക്ഷാൽ ത്രിയേക ദൈവത്തിന്റെ ആത്മശക്തി നമ്മുടെയുള്ളിൽ വസിക്കുന്നു.. പൗലോസിനെ നിരന്തരമായി കുത്തുന്ന ശൂലമുള്ളപ്പോഴും അദ്ദേഹം ആശ്വസിക്കുന്നത് തന്റെയുള്ളിൽ ഉള്ള ക്യപയിലാണ്..
ദാനിയേൽ ഒരിക്കൽ ഏകാന്തതയിൽ ആയി... ഏകാന്തതയിൽ പെട്ടെത് സിംഹക്കൂട്ടിലാണ്.. സ്വഭാവികമായി സിംഹക്കൂട്ടിൽ നിന്ന് ആരും പുറത്ത് വന്ന ചരിത്രമില്ല.. എന്നാൽ ദാനിയേലിന്റെ ഏകാന്തതയിൽ സിംഹക്കൂട്ടിൽ ഇറങ്ങിയ സർവ്വശക്തൻ സിംഹത്തിന്റെ വായ് അടച്ചു.. ദാനിയേലിനു പറയാനുള്ളത് തന്റെ ഏകാന്തതയിൽ സിംഹം നൊടിയിടയിൽ തന്നെ തകർക്കുമായിരുന്നു.. എന്നാൽ സിംഹത്തെ സ്യഷ്ടിച്ചവൻ എന്റെ ഏകാന്തതയിൽ ഇറങ്ങി വന്ന് എന്നെ നശിപ്പിക്കുവാൻ അടുത്ത സിംഹത്തിന്റെ വായ് അടച്ച് എന്റെ ഏകാന്തതയിൽ എനിക്ക് കൂട്ടായി ഇരുന്നു.. അടുത്ത പ്രഭാതത്തിൽ എന്ത് സംഭവിച്ചു? ഈ ഏകാന്തത ഭക്തന്റെ അവസാനമാണെന്ന് ധരിച്ചവർ പോലും ദാനിയേലിനെ വിടുവിച്ച ദൈവത്തിൽ വിശ്വസിച്ചു.
യെഹൂദ ബാലന്മാർക്കും ഇതേ അനുഭവം ഉണ്ടായി.. അവരെ രാജാവ് തള്ളിയത് തീച്ചൂളയിലേക്കാണ്.. രക്ഷിക്കാൻ ആരും വരാൻ സാധ്യതയില്ലാത്ത സ്ഥലം..എന്നാൽ ആരുമില്ല എന്ന് നിനച്ചവർ നോക്കി നിൽക്കേ നാലാമതായി ഒരു രൂപം.. ഒരു ദൈവദൂതന്റെ രൂപം.. ബാലന്മാരെ തീച്ചൂളയിൽ കൊണ്ടിട്ട മല്ലന്മാർ വെന്തുരുകിയപ്പോൾ ബാലന്മാരെ തീയുടെ മണം പോലും തട്ടാതെ തിരിച്ചു കൊണ്ടുവന്ന ദൈവസാന്നിധ്യം.. ഇത് എന്നെ അദ്ഭുതപ്പെടുത്തി.. ഒരു ദൈവപൈതലിനു പല തീച്ചൂള ശോധനകൾ വരാം.. എന്നാൽ അവയിൽ നിന്ന് ഒരു മണം പോലും ഏശാതെ തിരിച്ച് കൊണ്ടുവരുന്നതാണ് ദൈവസാന്നിധ്യം.
ഇയ്യോബിനു സ്വന്തം ഭാര്യപോലും തള്ളി പറഞ്ഞ കൂട്ടുകാർ കുറ്റപ്പെടുത്തിയ എല്ലാം നഷ്ടപ്പെട്ട ഒരു ഏകാന്തത ഉണ്ടായി.. അപ്പോഴും ഭക്തൻ വിശ്വസിച്ചത് ദൈവമേ നിനക്ക് സകലവും കഴിയും നിന്റെ ഉദ്ദേശങ്ങളൊന്നും അസാധ്യമല്ലല്ലോ.. അതേ ഇയ്യോബിനു ഏകാന്തതയിൽ നഷ്ടമായത് ഇരട്ടിയായി തിരികെ നൽകി.. എന്നാൽ ഉറച്ച ദൈവാശ്രയത്തോടും ഭക്തിയോടും ദൈവസമയത്തിനായി ഇയ്യോബ് കാത്തിരുന്നു.
യോഹന്നാൻ അപ്പോസ്തോലനെ ചക്രവർത്തി ഏകാന്തതയിലേക്ക് നാടുകടത്തി.. ശത്രു വ്യാമോഹിച്ചത് ഒരു അപ്പോസ്തോലനെ സമൂഹത്തിൽ നിന്നകറ്റിയാൽ ക്രൈസ്തവമാർഗ്ഗവും ശക്തിയും ഇല്ലാതാകുമെന്നാണ്.. എന്നാൽ യോഹന്നാൻ അന്നുവരെ കാണാത്ത ദൈവ തേജസും വെളിപ്പാടും കണ്ടത് ഏകാന്തതയിൽ ആയിരുന്നു.
അതേ ദൈവപൈതലേ, ഇത് വെറും ഏകാന്തതയല്ല.. ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലാത്ത ദൈവതേജസ് അനുഭവിക്കാനുള്ള സമയമാണ്.
നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്ത് വശത്ത് പതിനായിരം പേരും വീഴും എന്നാൽ അത് നിന്നോട് അടുത്തു വരികയില്ല.